07:57am 13 November 2026
NEWS
ലഹരി വിൽപ്പനയെ കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് 63-കാരനെ അയൽവാസിയും ഭാര്യയും മക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു
11/05/2026  06:01 PM IST
nila
ലഹരി വിൽപ്പനയെ കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് 63-കാരനെ അയൽവാസിയും ഭാര്യയും മക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു

ആലപ്പുഴ: ലഹരി വിൽപ്പനയും അനധികൃത മദ്യക്കച്ചവടവും സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെന്നാരോപിച്ച് 63-കാരനെ അയൽവാസിയുടെ കുടുംബം ക്രൂരമായി മർദിച്ചു. പാണാവള്ളി സ്വദേശി വിജയനെയാണ് അയൽവാസിയായ സത്താറും ഭാര്യയും മക്കളും ചേർന്ന് തെങ്ങിൽ കെട്ടിയിട്ട് മർദിച്ചത്. സംഭവത്തിൽ സത്താർ, ഷംനാസ്, ഷർഫാൻ, സാജിത എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പാണാവള്ളി പൊലീസ് അറിയിച്ചു.

അയൽവാസിയായ സത്താറിനും കുടുംബാംഗങ്ങൾക്കുമെതിരെ മൂന്ന് മാസം മുൻപ് വിജയൻ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് ആരോപണം. കഞ്ചാവ് വിൽപ്പനയും അനധികൃത മദ്യവ്യാപാരവും നടത്തുന്നുവെന്നായിരുന്നു പരാതിയെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി എട്ടോടെ സത്താറും ഭാര്യയും മൂന്ന് മക്കളും ചേർന്ന് വിജയന്റെ വീട്ടിലെത്തി അതിക്രമിച്ച് കയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന വിജയനെ പിടിച്ചുവലിച്ച് സ്വന്തം പുരയിടത്തിലേക്ക് കൊണ്ടുപോയ ശേഷം അടിവസ്ത്രം മാത്രം ധരിപ്പിച്ച് തെങ്ങിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.

സംഭവസമയത്ത് വിജയന്റെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പുറത്തുപോയിരിക്കുകയായിരുന്നു. ആക്രമണത്തിൽ വിജയന്റെ മൂക്കിന്റെ എല്ല് തകർന്നു.  മർദനദൃശ്യങ്ങൾ സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരിൽ ചിലർ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്. അടുത്തിടെ പ്രദേശത്ത് ലഹരി വിൽപ്പനയെ തുടർന്ന് പൊലീസ് പരിശോധന നടന്നിരുന്നു. അതിന് പിന്നിലും വിജയനാണെന്ന സംശയത്തെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് പൊലീസ് നിഗമനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.